തലശേരി: പഴയ ബസ് സ്റ്റാൻഡ് എംജി റോഡിൽ ആധാരമെഴുത്ത് ഓഫീസും വക്കീൽ ഓഫീസും പ്രവർത്തിക്കുന്ന പഴയ കെട്ടിടം തകർന്നു വീണു. കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാരും അഭിഭാഷകനും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെയാണ് ആറ് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നുവീണത്.
ശാന്താ സ്റ്റോഴ്സിന് മുകൾ നിലയിൽ പ്രവർത്തിക്കുന്ന രഞ്ജിത്ത് ശ്രീരഞ്ജിന്റെ ഉടമസ്ഥതയിലുള്ള രഞ്ജൻ അസോസിയേറ്റ്സ് എന്ന ആധാരമെഴുത്ത് ഓഫീസും ഇതിനോടു ചേർന്നു പ്രവർത്തിക്കുന്ന വക്കീൽ ഓഫീസിന്റെ മേൽക്കൂരയുമാണ് തകർന്നു വീണത്. അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്ന ഉണ്ടായിരുന്ന ആധാരമെഴുത്ത് ഓഫീസ് ജീവനക്കാരികളായ രാജി, രജിന എന്നിവരും അഡ്വ. സി.ഒ. പ്രദീഷുമാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഓടിട്ട കെട്ടിടത്തിന്റെ കഴുക്കോലുകൾ അടക്കം താഴേക്ക് പതിക്കുകയായിരുന്നു. രണ്ട് കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, സുപ്രധാനമായ ഫയലുകൾ എന്നിവ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു. എംജി റോഡിൽ സദാ സമയവും തിരക്കേറിയ നടപ്പാതയിലേക്കാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീണത്. നഗരത്തിലെ അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ ഉൾപ്പടെ യാത്ര ചെയ്യുന്ന നടപ്പാതയിൽ അപകട സമയത്ത് ആരുമില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.
കെട്ടിടം പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരനും സെക്രട്ടറി എൻ. സുരേഷ് കുമാറും പറഞ്ഞു. വൈസ് ചെയര്പേഴ്സൻ വി. സതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺമാരായ സി.ഒ.ടി.ഷബീര്‍, എ. അഷ്റഫ്, ഭാരതി, അംഗങ്ങളായ ഷാലിമ, ടി.എം. റുബ്സീന, എൻ പി. സെറീല, എ. ശർമിള, നഗരസഭ എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോലീസ്, അഗ്നിരക്ഷാ സേന, കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.